മകനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും…
കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. ഇന്നു രാവിലെ 11.15-ന് ജിനു നെടുമ്പാശേരിയിലെത്തും. ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റി(18)ന്റെ മൃതദേഹം ജിനുവിന് എത്താൻ കഴിയാത്തതിനാൽ സംസ്കരിച്ചിരുന്നില്ല. കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംപിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരും വിഷയത്തിൽ ഇടപെട്ടിരുന്നു.
നാളെ ഉച്ചയ്ക്ക് 12-ന് ഷാനറ്റിന്റെ മൃതദേഹം വീട്ടിലെത്തിക്കും. വൈകിട്ട് മൂന്നിന് അണക്കര ഏഴാം മൈൽ ഒലിവുമല പള്ളിയിൽ സംസ്കരിക്കും. ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ജിനു ജയിലിൽ തുടരുകയായിരുന്നു. 17-ന് അണക്കര ഭാഗത്തേക്ക് വരികയായിരുന്ന ഷാനറ്റും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഷാനറ്റ് മരിച്ചു.