വധിക്കാൻ ശ്രമിച്ച യുവാവിന് ജാമ്യം നൽകണമെന്ന് മാതാവ്.. ജാമ്യം നൽകി കോടതി…
പുതുവത്സരാഘോഷത്തിന് പണം നൽകിയില്ലെന്നാരോപിച്ച് മാതാവിനെ വധിക്കാൻ ശ്രമിച്ച യുവാവിന്, മാതാവിന്റെ അഭ്യർഥന മാനിച്ച് ജാമ്യം അനുവദിച്ച് കേരളഹൈകോടതി. ദൗർഭാഗ്യവതിയായ മാതാവിനെ വീണ്ടും ദു:ഖത്തിലാഴ്ത്തുന്നില്ലെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം കാരക്കാമണ്ഡപം സ്വദേശിയായ 25കാരന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം നൽകിയത്. റോസാപുഷ്പം പോലെ എന്നും വിരിഞ്ഞു നിൽക്കുന്നതാണ് അമ്മയുടെ സ്നേഹമെന്നും കോടതി പരാമർശിച്ചു.
ആഘോഷിക്കാൻ പണം നൽകണമെന്ന ആവശ്യം നിഷേധിച്ച അമ്മയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജനുവരി ഒന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും കാണിച്ചാണ് യുവാവ് ജാമ്യാപേക്ഷ നൽകിയത്. ഇരയായ മാതാവിന്റെ അഭിപ്രായമറിഞ്ഞ് തീരുമാനമെടുക്കാമെന്നാണ് ഹൈകോടതി നിലപാടെടുത്തത്. തുടർന്ന് പൊലീസ് റെക്കോഡ് ചെയ്ത് ഹാജരാക്കിയ മൊഴിയിൽ മകന് ജാമ്യം നൽകണമെന്ന് അമ്മ അഭ്യർഥിക്കുകയായിരുന്നു.