കുഞ്ഞ് ഭക്ഷണം കഴിക്കുന്നതിനു പോലുംകണക്ക്പറയും; ഒന്നരവയസുകാരനെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ

നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കുട്ടിയുടെ അമ്മ കൃഷ്ണപ്രിയ. കുഞ്ഞിനെ അച്ഛന്‍ ഷിജിലിന് ഇഷ്ടമായിരുന്നില്ലെന്ന് അമ്മ പറഞ്ഞു. കുഞ്ഞ് കരയുന്നതും ഇഷ്ടമല്ലായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു പോലും കണക്ക് പറയും. കുഞ്ഞ് ഷിജിലിന്റെ അടുത്ത് പോകുമ്പോള്‍ നിരന്തരമായി കരയുമായിരുന്നു. ഉപദ്രവം ഏറ്റാണ് കരയുന്നത് എന്ന് അപ്പോള്‍ അറിയില്ലായിരുന്നു. ഷിജിലിന്റെ വീട്ടില്‍ ആരും കുഞ്ഞിനോട് സ്‌നേഹമായി പെരുമാറിയിട്ടില്ല.
വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വസ്തു വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത് നല്‍കാതെ വന്നതോടെ അതൃപ്തി ഉണ്ടായിരുന്നു. കുഞ്ഞ് മരിക്കുന്നതിന് മുന്‍പ് ഷിജില്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയിരുന്നു. ആ സമയത്താകാം മര്‍ദ്ദനമേറ്റത്. കുഞ്ഞിനെ ഓര്‍ത്താണ് രണ്ടാമത് വീട്ടിലേക്ക് പോയതെന്നും കൃഷ്ണപ്രിയ പറഞ്ഞു. ‘അയാള്‍ ഗേറ്റ് തുറക്കുമ്പോഴെ കുഞ്ഞ് കരയും. എന്നെ നോക്കണ്ട, കുഞ്ഞിനെ നന്നായി നോക്കുമെന്നായിരുന്നു കരുതിയത്. നേരത്തെ അറിഞ്ഞെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനെ’, കൃഷ്ണപ്രിയ പറയുന്നു.
കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഭര്‍ത്താവുമായി സംസാരിക്കാറില്ലായിരുന്നുവെന്നുമാണ് കൃഷ്ണപ്രിയ പോലീസിന് നൽകിയ മൊഴി. കുഞ്ഞിനോട് ഭര്‍ത്താവിന് ഇഷ്ടക്കേടുളളതായി തോന്നിയിരുന്നു. ഭര്‍ത്താവ് മടിയിലിരുത്തിയ ശേഷമാണ് മുന്‍പും കുഞ്ഞിന്റെ കയ്യില്‍ പൊട്ടലുണ്ടായത്. കുഞ്ഞിനെ കൊന്നു എന്ന് അറിഞ്ഞതിന്റെ ഞെട്ടലുണ്ടെന്നും കൃഷ്ണപ്രിയ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് പിതാവ് ഷിജിൻ പോലീസിന് മൊഴി നൽകിയിരുന്നു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി മൊഴിയിൽ പറഞ്ഞത്.
കുറ്റം സമ്മതിച്ചതിന് പിന്നാലെ പോലീസ് ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഷിജിന്‍ കുറ്റം സമ്മതിച്ചത്. ഷിജിനിന്റെയും , കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു എന്നാണ് കൃഷ്ണപ്രിയയും, ഷിജിനും നേരത്തെ നൽകിയ മൊഴി.



