വാമനപുരത്ത് ഒരു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം..കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ, ചുണ്ട് പൊട്ടിയും.. ; അമ്മ പോലീസ് കസ്റ്റഡിയിൽ

വാമനപുരം കണിച്ചോട് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഒരു വയസുകാരിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അശ്വതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന് പരുക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പൊലീസ് വിശദമായി പരിശോധിക്കും.
കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മുറിയിൽ കിടക്കുന്നത് കണ്ടത്. കുട്ടി ഉറങ്ങുകയാണെന്നാണ് ആദ്യം കരുതിയതെങ്കിലും, വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പരിഭ്രാന്തരായി. കുട്ടിയെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തിയപ്പോൾ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത് ദുരൂഹത വർദ്ധിപ്പിച്ചു. തുടർന്നാണ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്.



