പഠനത്തിൽ ശ്രദ്ധ കിട്ടാൻ കുട്ടികളുടെ ഐപാഡുകൾ എടുത്തു വെച്ചു..അമ്മയെ ‘അറസ്റ്റ്’ ചെയ്ത് പോലീസ്..
കുട്ടികൾ പഠിക്കുന്നില്ലെങ്കിൽ ഒരു അടിയും, ചിലപ്പോൾ ശ്രദ്ധ തിരിക്കുന്ന ഐപാഡുകളും മൊബൈൽ ഫോണുകളും എല്ലാം എടുത്തു വെക്കാറുമുണ്ട്. അത്തരത്തിൽ യുകെയിലെ ഒരു സ്ത്രീ തന്റെ പെൺമക്കളുടെ ഐപാഡുകൾ, സ്കൂളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി എടുത്തു കൊണ്ടു പോയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും കുട്ടികളെ കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു എന്ന് റിപ്പോർട്ട്. മാർച്ച് 26 ന് 50 വയസ്സുള്ള ചരിത്ര അധ്യാപികയായ വനേസ ബ്രൗൺ ഉപകരണങ്ങൾ മോഷ്ടിച്ചതായി ആരോപിച്ചാണ് പോലീസ് സെല്ലിൽ ഏഴ് മണിക്കൂറിലധികം യുവതിക്ക് കിടക്കേണ്ടി വന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
പഠനത്തിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിയാതിരിക്കാൻ, താൻ ഐപാഡുകൾ വാങ്ങി സറേയിലെ കോബാമിലുള്ള അമ്മയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി അവർ എൽബിസിയോട് പറഞ്ഞു. എന്നാൽ, പോലീസ് അമ്മയുടെ വീട്ടിൽ എത്തി അവിടെ ഉപകരണങ്ങൾ ട്രാക്ക് ചെയ്തപ്പോൾ കാര്യങ്ങൾ ആകെ തകിടം മറിയുകയായിരുന്നു. “ഇതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് പോലും എനിക്ക് വളരെ വിഷമമായി തോന്നുന്നു,” ബ്രൗൺ പറഞ്ഞു.
എന്നാൽ, പോലീസ് പറയുന്നതനുസരിച്ച് ഉപകരണങ്ങൾ തിരികെ നൽകാനും പ്രശ്നം പരിഹരിക്കാനും ഉദ്യോഗസ്ഥർ സ്ത്രീയോട് പറഞ്ഞെങ്കിലും സ്ത്രീ സഹകരിച്ചില്ല, അതിനാൽ മോഷണക്കുറ്റം ആരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപാഡുകൾ ബ്രൗണിന്റെ കുട്ടികളുടേതാണെന്നും അവ കൊണ്ടുപോകാൻ അവർക്ക് അവകാശമുണ്ടെന്നും പോലീസ് പിന്നീട് സ്ഥിരീകരിച്ചു. റിപ്പോർട്ട് പ്രകാരം, കേസ് അടുത്ത ദിവസം അവസാനിപ്പിക്കുകയും എല്ലാ ജാമ്യ വ്യവസ്ഥകളും നീക്കം ചെയ്യുകയും ചെയ്തു.