ധാർമ്മികതയല്ല… പൗരാവകാശമാണ് വലുത്… വിവാഹിതനായ പുരുഷന്റെ ലിവ്-ഇൻ ബന്ധം കുറ്റകരമല്ലെന്ന് ഹൈക്കോടതി

വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സമൂഹത്തിന്റെ ധാർമ്മിക ബോധം മുൻനിർത്തി വ്യക്തികളുടെ പൗരാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വന്തം കുടുംബത്തിൽ നിന്ന് സംരക്ഷണം തേടി യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമല്ല. സാമൂഹിക ധാർമ്മികതയും നിയമവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്ന് കോടതി വ്യക്തമാക്കി. പുരുഷൻ വിവാഹിതനാണെന്നത് ലിവ്-ഇൻ ബന്ധത്തിന് തടസ്സമല്ലെന്നും കോടതി നിരീക്ഷിച്ചു. അനാമിക എന്ന യുവതിയാണ് തന്റെ കുടുംബത്തിൽ നിന്നും വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് നേത്രപാൽ എന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.

ഒരുമിച്ച് ജീവിക്കുന്നവരെ സംരക്ഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. യുവതിയുടെ പരാതിയിൽ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് ഷാജഹാൻപൂർ എസ്.പിയോട് കോടതി ചോദിച്ചു. നേത്രപാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും കോടതി തടഞ്ഞു. അനാമികയുടെയും പങ്കാളിയുടെയും വീട്ടിൽ പ്രവേശിക്കുന്നതിനോ അവരെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിനോ യുവതിയുടെ കുടുംബാംഗങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഷാജഹാൻപൂർ എസ്.പിക്ക് കർശന നിർദ്ദേശം നൽകി.

Related Articles

Back to top button