കാരണം ഭൂമിയോ? ചന്ദ്രൻ ‘തുരുമ്പെടുത്തു’ തുടങ്ങി, ഭാവിയിൽ ഉണ്ടാകാൻ പോകുന്നത് വലിയ പ്രത്യാഘാതങ്ങൾ

ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ച് ഇപ്പോഴും ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ ശാസ്ത്രജ്ഞർക്ക് എപ്പോഴും കൗതുകമുണർത്തുന്ന വിവരങ്ങൾ നൽകുന്ന ഒന്നാണ് ചന്ദ്രൻ. ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രനെ കുറിച്ച് അറിയാനും ആളുകൾക്ക് താത്പര്യമാണ്. എന്നാൽ ചന്ദ്രനിലെ ഒരു മാറ്റത്തിന് കാരണം ഭൂമിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ തുരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നിലെ രഹസ്യമാണ് ഇപ്പോൾ ചുരുളഴിഞ്ഞിരിക്കുന്നത്. അതിന് പിന്നിൽ മറ്റാരുമല്ല, ഭൂമിയാണ്…

ഭൂമിയിൽ നിന്നുള്ള ഓക്സിജനാണ് ചന്ദ്രനിലെ ഈ പ്രതിഭാസത്തിന് കാരണമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. സാധാരണയായി ജലത്തിന്റെയും ഓക്സിജന്റെയും സാന്നിധ്യത്തിലാണ് തുരുമ്പെടുക്കൽ അഥവാ ഓക്സീകരണം നടക്കുന്നത്. എന്നാൽ ഇവ രണ്ടും വളരെ കുറഞ്ഞ അളവിൽ മാത്രമുള്ള ചന്ദ്രനിൽ ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

ചൈനയിലെ മക്കാവു യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ സിലിയാങ് ജിനും സംഘവുമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. പഠനമനുസരിച്ച്, ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഒരു ‘കാറ്റ്’ പോലെ ചന്ദ്രനിലേക്ക് എത്തുന്നുണ്ട്. എല്ലാ മാസവും ഏകദേശം അഞ്ച് ദിവസം ചന്ദ്രൻ ഭൂമിയുടെ പിന്നിലായി വരുന്ന ഒരു സമയമുണ്ട്. ഈ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളെ ഭൂമിയുടെ കാന്തികമണ്ഡലം തടഞ്ഞുനിർത്തുന്നു. ഈ അവസരത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഭാഗമായ ഓക്സിജൻ കണികകൾക്ക് ചന്ദ്രനിലേക്ക് എത്താൻ സാധിക്കുന്നു. ഇതിനെയാണ് ഗവേഷകർ ‘എർത്ത് വിൻഡ്’ (Earth wind) എന്ന് വിശേഷിപ്പിക്കുന്നത്.

ഈ സിദ്ധാന്തം തെളിയിക്കുന്നതിനായി ഗവേഷകർ ലബോറട്ടറിയിൽ പ്രത്യേക പരീക്ഷണങ്ങൾ നടത്തി. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന ഇരുമ്പ് ധാതുക്കളിലേക്ക് ശക്തിയേറിയ ഓക്സിജൻ, ഹൈഡ്രജൻ അയോണുകൾ പതിപ്പിച്ചു. ഉയർന്ന ഊർജ്ജത്തിലുള്ള ഓക്സിജൻ പതിച്ചപ്പോൾ ധാതുക്കൾ ഹെമറ്റൈറ്റ് അഥവാ തുരുമ്പായി മാറുന്നത് സ്ഥിരീകരിച്ചു. അതേസമയം, ഹെമറ്റൈറ്റിലേക്ക് ഹൈഡ്രജൻ പതിപ്പിച്ചപ്പോൾ അത് വീണ്ടും ഇരുമ്പായി മാറുന്നതായും കണ്ടെത്തി. ഈ കണ്ടെത്തൽ മുൻപ് 2020-ൽ ഹവായി സർവകലാശാലയിലെ ഗവേഷകനായ ഷുവായ് ലി നടത്തിയ പഠനങ്ങളെ ശരിവെക്കുന്നതാണ്.

2020-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-1 ദൗത്യമാണ് ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ ഹെമറ്റൈറ്റിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ഈ കണ്ടെത്തലാണ് പുതിയ പഠനങ്ങൾക്ക് വഴിത്തിരഞ്ഞത്. “ചന്ദ്രനിലെ ഹെമറ്റൈറ്റിന്റെ രൂപീകരണത്തിനും വിതരണത്തിനും പ്രായോഗികമായ ഒരു വിശദീകരണം ഞങ്ങളുടെ കണ്ടെത്തലുകൾ നൽകുന്നു,” എന്ന് ഗവേഷകർ അവരുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ‘എർത്ത് വിൻഡ്-ഡ്രൈവൻ ഫോർമേഷൻ ഓഫ് ഹെമറ്റൈറ്റ് ഓൺ ദ ലൂണാർ സർഫേസ്’ എന്ന തലക്കെട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കും അവിടെയുള്ള വിഭവങ്ങളുടെ ഉപയോഗത്തിനും ഉപകരണങ്ങളുടെ രൂപകൽപ്പനയ്ക്കും ഈ കണ്ടെത്തൽ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Related Articles

Back to top button