മാസപ്പടി കേസ്…കുറ്റപത്രത്തിന്‍റെ അനുബന്ധ രേഖകൾ ഉടൻ ഇഡിക്ക് ലഭിക്കില്ല…കാരണം…
കൊച്ചി: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അനുബന്ധ രേഖകള്‍ ഉടൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയിൽ പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു.
ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും അക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതി വിസമ്മതിച്ചു. 25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ് എഫ് ഐ ഒ സമർപ്പിച്ചത്. നേരത്തെ കുറ്റപത്രത്തിന്‍റെ പകർപ്പ് വിചാരണ കോടതി ഇഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അനുബന്ധ രേഖകള്‍ കൂടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പകര്‍പ്പെടുക്കുന്നതിനായി ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കം കൊണ്ടുവരാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ തുടര്‍നടപടിയെടുക്കാൻ വിചാരണ കോടതി തയ്യാറായില്ല.