വീടിനുള്ളിൽ കയറിയ കുരങ്ങ് അക്രമാസക്തനായി.. വീട്ടമ്മക്ക്…
വീടിനുള്ളില്‍ കയറി ആക്രമാസക്തനായ കുരങ്ങിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മക്ക് പരിക്ക്.നാച്ചിവയലില്‍ നായക(45)ത്തിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് വീടിന്റെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ വീടിനുള്ളില്‍ കയറിയ കുരങ്ങിനെ ഓടിച്ചു വിടാന്‍ ശ്രമിക്കുമ്പോഴാണ് അടുത്തെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് കാലിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലിന്റെ എല്ല് പൊട്ടിയിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സിക്കായി ഉദുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദന റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന നാച്ചിവയല്‍ ഗ്രാമത്തില്‍ കുരങ്ങിന്റെ ആക്രമണം പതിവാണ്. വീടുകള്‍ തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്. ഉള്ളില്‍ കയറുന്ന കുരങ്ങുകള്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്നതും വീടിന്റെ മുകളില്‍ കയറി ഷീറ്റുകള്‍ പൊട്ടിച്ചു നശിപ്പിക്കുന്നതും സ്ഥിരമാണ്.