ആശുപത്രിയിൽ ഉപേക്ഷിച്ച ബാഗിൽ ഉടുമ്പ് മാംസം.. അന്വേഷണം…
ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഉടുമ്പിന്റെ മാംസം കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.കൊൽക്കത്ത ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.
മൃഗങ്ങളെ മനഃപൂർവം ഉപദ്രവിക്കുന്നത് കുറ്റകരമാക്കുന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 325 പ്രകാരമാണ് കേസ്. “അന്വേഷണം പുരോഗമിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിലെ കാന്റീൻ പരിസരത്ത് പ്ലാസ്റ്റിക് ബാഗിനായി കടിപിടികൂടുന്ന തെരുവ് നായ്ക്കളെ ചില ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്ലാസ്റ്റിക് ബാഗിൽ നിന്ന് കുറച്ച് മാംസക്കഷ്ണങ്ങൾ കണ്ടെത്തുകയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സംരക്ഷിത മൃഗമാണ് ഉടുമ്പ്. ഇവയുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. മാംസത്തിനും തൊലിക്കും വേണ്ടി പലപ്പോഴും ഇവയെ വേട്ടയാടാറുണ്ട്.