അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം.. വിമർശനം.. മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റെന്തെന്ന് മോഹൻലാൽ….

നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതില്‍ വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നും ഒ അബ്ദുല്ല വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച വഴിപാട് ഇരുവരുടേയും സ്‌നേഹത്തിന് തെളിവായി ഏറെ പ്രശംസിക്കപ്പെടുകയും അതേസമയം നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Related Articles

Back to top button