ഇത് വിസ്മയ ‘തുടക്കം’.. മോഹൻലാലിന്റെ മകൾ സിനിമയിലേക്ക്.. ജൂഡ് ആന്തണി സിനിമയിലൂടെ….
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. അച്ഛനും സഹോദരൻ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് അപ്ഡേറ്റ് പുറത്തുവിട്ടത്.
ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നതും ഈ റിപ്പോര്‍ട്ടുകള്‍ ശക്തമാക്കുന്നു.
എഴുത്തും ചിത്രരചനയുമൊക്കെയായി സിനിമാ ലോകത്തു നിന്ന് മാറി നടക്കുകയായിരുന്നു വിസ്മയ ഇതുവരെ.’ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.