അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു; എസ് പി വെങ്കിടേഷിന് ഹൃദയവേദനയോടെ വിട നൽകി മോഹൻലാൽ

മലയാള സിനിമയ്ക്ക് എന്നും ഓർത്തുവയ്ക്കാൻ ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച എസ്പി വെങ്കിടേഷ് വിട പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള അവസരം തനിക്ക് ഉണ്ടായെന്നും, ഹൃദയവേദനയോടെ വിട നൽകുകയാണെന്നും പറയുകയാണ് മോഹൻലാൽ.
“മലയാള സിനിമയില്‍ ഒരു കാലഘട്ടം മുഴുവന്‍ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട SP വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SPയുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മള്‍ നെഞ്ചോടുചേര്‍ത്തത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട”, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു എസ്പി വെങ്കിടേഷിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് നടക്കും


