‘ഭീഷണി വേണ്ട, ആണവായുധം കാട്ടി വിരട്ടേണ്ട’.. പാകിസ്ഥാനെ വിരട്ടി നരേന്ദ്ര മോദി…
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല.രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തിന്‍റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.