വാളയാറിലേത് ആള്‍ക്കൂട്ടക്കൊലപാതകം; അതിഥിത്തൊഴിലാളിയുടെ മരണത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്

വാളയാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്. ബിഎന്‍എസ് 103 (2) പ്രകാരം കേസെടുത്തു. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് സംഭവം. എന്നാല്‍ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല.
രാം നാരായണന്റെ മൃതദേഹം ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. രാം നാരായണന്റെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് വാളയാര്‍ പൊലീസ് പറഞ്ഞു. 2018ല്‍ പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടവിചാരണ നടത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു.




