കുടുംബ ഭൂമി തട്ടിയെടുത്ത കേസിൽ ഗായിക നഞ്ചിയമ്മയ്ക്ക് ആശ്വാസം.. നിയമവഴി തുറന്ന് ഒറ്റപ്പാലം മുൻ സബ് കലക്ടർ മിഥുൻ പ്രേംരാജിന്റെ…
അട്ടപ്പാടിയിലെ കുടുംബ ഭൂമി തട്ടിയെടുത്ത കേസിൽ ഗായിക നഞ്ചിയമ്മയ്ക്ക് അനുകൂലമായ നിയമവഴി തുറന്ന് ഒറ്റപ്പാലം മുൻ സബ് കലക്ടർ മിഥുൻ പ്രേംരാജിന്റെ ഉത്തരവ്. വരഗംപാടി ഊത്തുക്കുഴിയിലെ മരുതാചലത്തിന്‍റെ ഭൂമി അന്യാധീനപ്പെട്ട കേസിൽ (ടി.എൽ.എ- 229/87) മിഥുൻ പ്രംരാജ് പുറപ്പെടുവിച്ച നിർണായക ഉത്തരവ് അട്ടപ്പാടിയിലെ പി.എൽ.എ കേസുകൾക്ക് ഗുണകരമാകുന്നതാണ്.
1975ലെ നിയമം പൂർണമായും കുഴിച്ചുമൂടുകയും 1999ലെ നിയമം നടപ്പാക്കുകയും ചെയ്യുകയാണ് ഇതുവരെ റവന്യൂ ഉദ്യോഗസ്ഥർ ചെയ്തത്. എന്നാൽ 2022 ആയപ്പോൾ നിയമത്തിൽ പുനർവായന നടന്നു. 1999ലെ നിയമം സോപാധികം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതിയുടെ ഉത്തരവിലെ നിർദേശങ്ങളിൽ വ്യക്തത വരുത്താൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ലാൻഡ് റവന്യൂ കമീഷണർക്ക് 2022 ഡിസംബർ 19ന് കത്ത് നൽകി. അതിനുള്ള വിശദീകരണത്തിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി കൃഷിഭൂമിയാണെങ്കിൽ 1999ലെ നിയമപ്രകാരമുള്ള നടപടികളും കൃഷിയേതര ഭൂമിയാണെങ്കിൽ 1975ലെ നിയമപ്രകാരം ഉള്ള നടപടികളും സ്വീകരിക്കണമെന്നാണ് നിർദേശിച്ചത്.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2024 ഡിസംബർ ആറിന് ലാൻഡ് റവന്യൂ കമീഷണർക്ക് വീണ്ടും കത്ത് നൽകി. അതിനുള്ള മറുപടിയിൽ അന്യാധീനപ്പെട്ട ഭൂമി കൃഷിഭൂമി ആണോ, കൃഷിയേതര ഭൂമിയാണോ എന്ന് നിർണയിക്കുന്നതിനായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കമെന്നാണ് നിർദേശിച്ചത്. അതുപ്രകാരം ചോളയൂർ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്റർ പകർപ്പ് പരിശോധിച്ചതിൽ 1109, 1110 എന്നീ സർവേ നമ്പരിലെ ഭൂമി പുരയിടം ആണ്.
ഭൂമി കൃഷിക്കായി ഉപയോഗിച്ചു വരുന്നുണ്ടോ എന്ന വിവരം റിപ്പോർട്ട് ചെയ്യാൻ വില്ലേജ് ഓഫീസർ പരിശോധന നടത്തി. 1974ലെ തീറാധാര പ്രകാരമുള്ള ഭൂമി 1110/1 സർവേ നമ്പരിൽ ഉൾപ്പെട്ട ഭൂമി കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ ലഭിച്ചു. അതേസമയം 1109/ 2 സർവേയിലെ ഭൂമി ആദിവാസികളുടെ കൈവശത്തിൽ തന്നെയാണെന്നും റിപ്പോർട്ട് ചെയ്തു.
തർക്കഭൂമി കൃഷിയാവശ്യത്തിന് ഉപയോഗിച്ചു വരുന്നതല്ല എന്ന് ബോധ്യമായതിനാൽ 1975ലെ കെ.എസ്.ടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഹരജിക്കാരനായ ആദിവാസി കുടുംബത്തിന് പുനഃസ്ഥാപിച്ചു നൽകേണ്ടതാണ്. മുഴുവൻ ഭൂമിയും അന്യാധീനപ്പെട്ട ആദിവാസികളുടെ അവകാശികൾക്ക് നിയമാനുസൃതം വീണ്ടെടുത്തു നൽകി മഹസർ, സ്കെച്ച്, ഫോറം 7 എന്നിവ സഹിതം സബ് കലക്ടറുടെ ഓഫിസിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
ഇതുവരെ റവന്യൂ ഉദ്യോഗസ്ഥർ 1999ലെ നിയമം ചൂണ്ടിക്കാട്ടി അഞ്ചേക്കറിൽ താഴെ ഭൂമിയാണ് അന്യാധീനപ്പെട്ടതെങ്കിൽ ആദിവാസി ഇതരവിഭാഗത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഇത് റവന്യൂ ഉദ്യോഗസ്ഥർ പൊതുവായി സ്വീകരിച്ച നടപടിയാണ്. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടത് പാലക്കാട് മുൻ കലക്ടർ മൃൺമയി ജോഷിയാണ്. മിഥുൻ പ്രേംരാജിന്റെ ഉത്തരവ് നഞ്ചിയമ്മയുടെ കേസിലും ബാധകമാണ്.
മരുതാചലത്തിന്‍റെ കേസിൽ ആദിവാസികൾക്ക് വേണ്ടി ഹാജരായത് പി.വി. സുരേഷ് ആയിരുന്നു. ആധാരം വ്യാജമാണെന്നും ആദിവാസികൾക്ക് തമിഴ് അറിയില്ലെന്നും ആധാരത്തിലെ ഒപ്പ് തമിഴാണെന്ന് സുരേഷ് വാദിച്ചു. ആധാരം ഒറിജിനൽ ആണെന്ന് സബ് രജിസ്ട്രാറുടെ റിപ്പോർട്ട് ലഭിച്ചു. അതോടെ സുരേഷ് മുന്നോട്ടുവെച്ച വാദങ്ങളുടെയെല്ലാം മുനയൊടിഞ്ഞു.
എന്നാൽ, സബ് കലക്ടർ മിഥുൻ പ്രേംരാജ് ഷോളയൂർ വില്ലേജ് ഓഫിസറോട് നിലവിൽ ഈ ഭൂമിയിൽ കൃഷി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അതോടെ ആണ് കേസിന്റെ ദിശ മാറിയത്. നിലവിൽ ആ ഭൂമി ആരും കൃഷി ചെയ്യുന്നില്ലെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി. നഞ്ചിയമ്മയുടെ കേസിലും സാമാനമായ സ്ഥിതിയാണുള്ളത്. ഭൂമി കൈയടക്കിയ കന്തസാമി ബോയന്‍റെ അവകാശികൾ ആരും ഈ ഭൂമിയിൽ പ്രവേശിച്ച് ഇന്ന് കൃഷി ചെയ്യുന്നില്ല.
കന്തസാമി ബോയനാകട്ടെ സർക്കാറിന് മിച്ചഭൂമി വിട്ടുകൊടുത്ത അഗളിയിലെ ജന്മി ആയിരുന്നു. അതിനാൽ കന്തസാമി ബോയന്‍റെ അവകാശികൾക്ക് ഈ ഭൂമിയിന്മേൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. അഗളി വില്ലേജ് ഓഫിസിന്‍റെ പേരിൽ വ്യാജ നികുതി രസീത് ഉണ്ടാക്കി കോടതിയിൽ ഹാജരാക്കി ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവും അതിൽ നിന്ന് 50 സെൻറ് ഭൂമി വാങ്ങിയ നിരപ്പത്ത് ജോസഫ് കുര്യനും അഗളി കോടതിയുടെ വിധിയോടെ ഈ ഭൂമിയിൽ നിന്ന് പുറത്തായി. ഈ ഭൂമിയുടെ അവകാശികളിൽ ഒരാളായ പാപ്പ നോട്ടീസ് നൽകിയിട്ടും വിചാരണക്ക് ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുകയോ ഓഫിസുമായി ബന്ധപ്പെടുകയോ ചെയ്തില്ല.
കെ.കെ. രമ എം.എൽ.എ നിയമസഭയിലെ അവതരിപ്പിച്ച സബ്മിഷൻ ആണ് ഈ കേസിന്റെ ദിശ ആദ്യം മാറ്റിയത്. പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് മുന്നിലാണ് നഞ്ചിയമ്മയുടെ കേസ്. മിഥുൻ പ്രേംരാജിന്റെ ഉത്തരവ് പിന്തുടർന്നാൽ 1975ലെ നിയമപ്രകാരം നെഞ്ചിയമ്മയുടെ കേസിലും ബാധകമാണ്.
അനുകൂലമായ ഉത്തരവിനായി കാത്തിരിക്കുകയാണ് നഞ്ചിയമ്മയും അവർക്ക് വേണ്ടി കേസിന് ഹാജരായ അട്ടപ്പാടി സുകുമാരനും. ഏതാണ്ട് നാല് പതിറ്റാണ്ടോളമായി ഭൂമിക്ക് വേണ്ടി പോരാട്ടം തുടങ്ങിയിട്ട്. നഞ്ചിയമ്മയുടെ ഭൂമി സംബന്ധിച്ച വാർത്ത നൽകിയ ‘മാധ്യമം ഓൺലൈനി’നെതിരെ നിരപ്പത്ത് ജോസഫ് കുര്യൻ നൽകിയ എട്ടു ലക്ഷം രൂപയുടെ നഷ്ടപരിഹാരം കേസ് കോടതിയിലാണ്.