വയനാട് പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി… ജാഗ്രതാ നിർദ്ദേശം

വയനാട് പച്ചിലക്കാട് പടിക്കംവയൽ നിന്നും കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ നിന്നും ആയിരുന്നു തോട്ടം കാവൽക്കാരനെ കാണാതായത്. സംഭവം ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) ആയിരുന്നു കാണാതായത്. ഇയാളുടെ മൊബൈൽ ഫോൺ ഷെഡ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
മേഖലയിൽ ഇന്ന് രാവിലെ കടുവയെ കണ്ടിരുന്നു. നാട്ടുകാരാണ് വാഴത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടത്. പിന്നാലെ പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. കടുവ സാന്നിധ്യമുള്ള പ്രദേശത്തുനിന്നാണ് തോട്ടം കാവൽക്കാരനെ കാണാതായത് എന്നുള്ളത് പ്രദേശവാസികൾക്കിടയിൽ ഭയമുണ്ടാക്കിയിരുന്നു.
പ്രദേശത്ത് നിന്നും കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പിന്റെ ഡ്രോൺ പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടെയാണ് തോട്ടം കാവൽക്കാരനെ കാണാതാകുന്നത്. കടുവയുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് വനം വകുപ്പും പോലീസും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.



