മൃഗശാലയിൽ നിന്ന് കാണാതായ സിംഹത്തെ കണ്ടെത്തി.. രക്ഷയായത്…

സുവോളജിക്കൽ പാർക്കിൽ നിന്ന് കാണാതായ സിംഹത്തെ കണ്ടെത്തി. ഏഷ്യയിലെതന്നെ ഏറ്റവും വലിയ മൃഗശാലകളിൽ ഒന്നായ ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെയാണ് കണ്ടെത്തിയത്. അഞ്ചുവയസ്സുള്ള ഷേർയാറെന്ന സിംഹത്തെയാണ് കണ്ടെത്തിയത്. മൃഗശാലയുടെ സഫാരി മേഖലയിൽ ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മൃഗശാലയിലെ ജീവനക്കാരും മേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുവോളജിക്കൽ പാർക്ക് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. 2023-ൽ ബംഗളൂരുവിലെ ബാനർഘട്ട സുവോളജിക്കൽ പാർക്കിൽ നിന്ന് വണ്ടല്ലൂരിലേക്ക് കൊണ്ടുവന്ന സിംഹത്തെ പതിവായി സഫാരി മേഖലയിലേക്ക് തുറന്നുവിടാറുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വെള്ളിയാഴ്ച പതിവുപോലെ തിരികെ കൂട്ടിലേക്ക് എത്തിയില്ല. വിവരമറിഞ്ഞതോടെ വ്യാപകമായി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. സിംഹത്തിന്റെ കാൽപ്പാടുകൾ ഉൾപ്പെടെ നിരീക്ഷിച്ചാണ് തെരച്ചിൽ നടത്തിയത്.
രാത്രിയിൽ തെർമൽ ഇമേജിംഗ് ഡ്രോണുകളും പകൽ സമയത്ത് സാധാരണ ഡ്രോണുകളും ഉപയോഗിച്ചിരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹമാണ് ഷേർയാർ. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ വണ്ടല്ലൂരിലാണ് അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
മൃഗശാലയ്ക്കുള്ളിൽ 20 ഹെക്ടർ വരുന്ന സ്വാഭാവിക വനഭൂമിയാണ് സഫാരിക്കായി ഉപയോഗിക്കുന്നത്. ഇവിടേക്ക് തുറന്നുവിടുന്ന മൃഗങ്ങളെ സന്ദർശകർക്ക് വാഹനത്തിൽ പോയി അടുത്തുകാണാം. രണ്ടു സിംഹങ്ങളാണ് ഒരുസമയം ഇവിടെയുണ്ടാവുക. നേരത്തേ സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായതുകൊണ്ടാണ് പകരം ഷേരുവിനെ തുറന്നുവിടാൻ തീരുമാനിച്ചത്. പുതിയ സ്ഥലവുമായി പരിചയമാകാത്തതുകൊണ്ടാണ് അത് തിരികെവരാത്തത് എന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്ത് ഒളിച്ചാൽ കണ്ടെത്താൻ എളുപ്പമല്ല.
മൃഗശാലയിലെ സഫാരി പ്രദേശം 15 അടി ഉയരമുള്ള ഇരുമ്പു കമ്പിവേലി കൊണ്ട് സുരക്ഷിതമാക്കിയതാണെന്ന് അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ സിംഹത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ കഴിയില്ല. എങ്കിലും മൃഗശാലയോടു ചേർന്നുള്ള കോലപ്പാക്കം, നെടുങ്കുണ്ട്രം, ആലപ്പാക്കം, സദാനന്ദപുരം, ഒട്ടേരി, കീലമ്പാക്കം പ്രദേശങ്ങളിൽ പരിഭ്രാന്തി പരന്നിട്ടുണ്ട്. 602 ഹെക്ടറാണ് 1855-ൽ തുടങ്ങിയ വണ്ടല്ലൂർ മൃഗശാലയുടെ വിസ്തീർണം. 172 സ്പീഷീസിൽപ്പെട്ട 2,375 മൃഗങ്ങൾ ഇവിടെയുണ്ട്.



