അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ കെട്ടിയിട്ട് പീഡനം.. സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെയിട്ടു…

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച കൂട്ടുകാരനും മർദ്ദനമേറ്റിട്ടുണ്ട്. തോട്ടത്തിൽ വെള്ളമെത്തിക്കാനുള്ള പൈപ്പു കൊണ്ടായിരുന്നു സ്വകാര്യ ഭാഗങ്ങളിൽ അടക്കമുള്ള മർദ്ദനം. ഹക്കി പിക്കി എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത ബാലനെ ഇതേ വിഭാഗത്തിലുള്ളവർ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ മർദ്ദനമേറ്റ ബാലന്റെ മുത്തച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദിവാസി ബാലന്റെ വസ്ത്രങ്ങൾ ബലമായി നീക്കിയ സംഘം കുട്ടിയുടെ ദേഹത്ത് ഉറുമ്പിനെ ഇടുകയും അധിക്ഷേപിക്കുകയും ചെയുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

9 പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. 23കാരനായ സുഭാഷ്, 21കാരനായ ലക്കി, 22കാരനായ ദർശൻ, 25കാരനായ പരശു, 23കാരനായ ശിവദർശനൻ, 25കാരനായ ഹരിഷ്, 20കാരനായ രാജു, 18കാരനായ ഭൂനി, 32കാരനായ മധുസൂദനൻ എന്നിവർ ചേർന്നാണ് ആദിവാസി ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലിയത്. സംഭവത്തിൽ ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button