ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി, ജീവനക്കാരന്‍ മരിച്ചു

ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന്‍ മരിച്ചു. ആളൂര്‍ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠന്‍ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഹരിയാന സ്വദേശിയായ ട്രെയിലര്‍ ഡ്രൈവറുടെ പേരില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.

തൃശ്ശൂര്‍ ഭാഗത്തേക്കുള്ള നാലാമത്തെ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെയായിരുന്നു അപകടം. ഫാസ്ടാഗില്‍ പണമില്ലാതെ ബൂത്തില്‍ കയറിയ ടോറസ് ലോറി ട്രാക്കില്‍നിന്ന് മാറ്റുന്നതിന് പിന്നിലുണ്ടായിരുന്ന ട്രെയിലര്‍ പിറകിലേക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്.

ട്രാക്കില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുകയായിരുന്ന മണികണ്ഠന്‍ പിന്നില്‍നിന്ന് ലോറി വന്നതറിഞ്ഞില്ല. ട്രെയിലര്‍ വേഗത്തില്‍ പിറകിലേക്കെടുത്തതാണ് അപകടകാരണമെന്നും പറയുന്നു. ലോറിയിടിച്ച് വീണ മണികണ്ഠന്റെ ദേഹത്തുകൂടി ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button