‘ഇതെന്റെ ഐഡിയ ആയിപ്പോയി’, ‘ലെ കെ.സി’; കെ.സി വേണുഗോപാലിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി..
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി. കർണാടക മന്ത്രി കേരളത്തെ പുകഴ്ത്തിയ സംഭവത്തിലാണ് മന്ത്രിയുടെ പരിഹാസം. കേരളത്തിനെതിരെ രണ്ട് വാക്ക് പറയാൻ മിനക്കെട്ട് കർണാടക മന്ത്രിയെ കൊണ്ടുവന്ന കെസി വേണുഗോപാൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഇവിടെയൊന്നും മന്ത്രിമാർ ഇല്ലാഞ്ഞിട്ടാണ് മെറിറ്റ് അവാർഡ് വിതരണം ചെയ്യാൻ കർണാടകയിൽ നിന്ന് മന്ത്രിയെ കൊണ്ടുവന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
‘വല്യ കാര്യത്തിലാണ് ഒരുപാട് മെനക്കെട്ടാണ് കർണാടക മന്ത്രി കൃഷ്ണ ഭൈരഗൌഡയെ കൊണ്ടുവന്നത്. കേരളത്തിനെതിരെ രണ്ടുവാക്ക് പറയാനാണ് കൊണ്ടുവന്നത്.എന്നാൽ മന്ത്രി കൃഷ്ണ ഭൈരഗൌഡ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായ എന്നെ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യാനായി കൊണ്ടുവന്നില്ല.അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ നടൻ അലൻസിയർ പറയുന്ന ‘ഇതെന്റെ ഐഡിയ ആയിപ്പോയി’ എന്ന ഡയലോഗാണ് തനിക്ക് ഓർമ്മവരുന്നതെന്നും’ ശിവൻകുട്ടി പറഞ്ഞു.
‘ലെ കെ.സി’ എന്ന അടിക്കുറിപ്പോടെ സിനിമയിലെ രംഗവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.