എസ്ഐടിക്ക് വീഴ്ച്ചയുണ്ടോ എന്ന് പറയേണ്ടത് കോടതി; വി ഡി സതീശന് മറുപടിയുമായി മന്ത്രി പി രാജീവ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി പി രാജീവ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രതിപക്ഷം ആധികാരികമായി അവതരിപ്പിക്കുന്നുവെന്നും, എസ്ഐടിക്ക് വീഴ്ച്ചയുണ്ടോ എന്ന് പറയേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും മന്ത്രി പറഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് എസ്ഐടിയുടെ വീഴ്ച്ച മൂലമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
സ്വർണകൊള്ളയിലെ അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് എന്നും അന്വേഷണത്തിൽ ഡിവിഷൻ ബെഞ്ച് സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. ജാമ്യാപേക്ഷകൾ എത്തുന്നത് സിംഗിൾ ബെഞ്ചിന്റെ മുന്നിലാണ്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ബെഞ്ചിന്റെ പിന്തുണ അന്വേഷണസംഘത്തിനുണ്ട്. തുടർച്ചയായി അവിശ്വാസം രേഖപ്പെടുത്തി അന്വേഷണസംഘത്തെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞത് മാധ്യമങ്ങളെക്കുറിച്ചോ, പ്രതിപക്ഷത്തെക്കുറിച്ചോ ആകാം എന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു എന്നാകാം കോടതി ഉദ്ദേശിച്ചത് എന്നും പി രാജീവ് കുറ്റപ്പെടുത്തി.
എസ്ഐടിയിൽ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റുന്നു എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ് എന്നും എന്നാൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് കോടതി അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സിംഗിൾ ബെഞ്ചും ഇത് ശരിവെച്ചു. എസ്ഐടി റിപ്പോർട്ട് നൽകേണ്ടത് ഡിവിഷൻ ബെഞ്ചിന്റെ മുൻപിലാണ്. ആ ഡിവിഷൻ ബെഞ്ചാണ് അന്വേഷണത്തിൽ വീഴ്ച്ചയുണ്ടോ എന്ന് പറയേണ്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നില്ല എന്നതാണ് വാദമെങ്കിൽ കുറ്റപത്രം ധൃതിപിടിച്ച് സമർപ്പിച്ച് കേസ് തള്ളിപ്പോയാൽ എന്തായിരിക്കും പ്രതിപക്ഷത്തിന്റെ പ്രതികരണം എന്നും മന്ത്രി ചോദിച്ചു.




