‘കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകും’…
സംസ്ഥാനത്ത് കൊല്ലുന്ന കാട്ടുപന്നികളെ തിന്നാൻ അനുവദിച്ചാൽ പകുതി പ്രശ്നം മാറുമെന്ന് മന്ത്രി പി പ്രസാദ്. കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാകാൻ ഈ വഴിയാണ് നല്ലതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കാട്ടുപന്നികളെ ഭക്ഷിക്കാൻ അനുവാദം നൽകുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. കൃഷിയിടത്തിൽ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം. കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ല. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകും. പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കാട്ടുപന്നികൾ കൂട്ടമായി ചത്തിരുന്നു. ഒരു മാസത്തിനുള്ളിൽ 35 ഓളം കാട്ടുപന്നികളുടെ ജഡമാണ് കാടുകളിലും മറ്റും കണ്ടെത്തിയത്. പന്നികൾ എന്തെങ്കിലും രോഗം മൂലമാണോ ചത്തത് എന്നുള്ള ആശങ്കയിലാണ് ഇപ്പോഴും നാട്ടുകാർ. നറുക്കുംപ്പൊട്ടി, മണൽപ്പാടം, മാമാങ്കര പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ജഡം കൂടുതലായി കാണുന്നത്. ദിവസേന പന്നികൾ ഈ പ്രദേശങ്ങളിൽ ചാകുന്നു. പ്രദേശവാസികൾ കുഴിച്ചിടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. രോഗബാധയാണെന്നാണ് സംശയിക്കുന്നത്.