വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്; വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാർ

നിരന്തരം വർഗ്ഗിയ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒരാളെയും തിരുത്താനാകില്ല എന്നും വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ് എന്നും ഗണേഷ്‌കുമാർ വിമർശിച്ചു. ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്നും ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.
ഒരാളും ഇങ്ങനെയൊന്നും പറയാൻ പാടില്ല എന്നും ഗണേഷ്‌കുമാർ പറഞ്ഞു. ‘ ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണത്. അദ്ദേഹമിരുന്ന കസേരയിലാണ് ഇരിക്കുന്നത് എന്ന് ഓർമിച്ചാൽ മതി. മറ്റൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്’; എന്ന് ഗണേഷ്‌കുമാർ പറഞ്ഞു.




