‘അടി’ക്ക് കാരണം ‘ഹോണടി’.. നടുറോഡിൽ ഏറ്റുമുട്ടി എംപിയും മന്ത്രിയും.. കാണാൻ തടിച്ചുകൂടി ജനം…
ഹോൺ അടിച്ചതിനെ ചൊല്ലി നടുറോഡിൽ കൊമ്പുകോർത്ത് എംപിയും മന്ത്രിയും.ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും പശ്ചിമബംഗാൾ മന്ത്രി ബാബുൽ സുപ്രിയോയുമാണ് ഏറ്റുമുട്ടിയത്.. ഹൂഗ്ലി നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയിട്ട് ഇരുവരും റോഡിലിറങ്ങി തർക്കിക്കുകയായിരുന്നു. മന്ത്രിയുടേയും എംപിയുടേയും തർക്കം കാണാൻ നിരവധി പേരാണ് പാലത്തിൽ വണ്ടി നിർത്തി കാത്തുനിന്നത്. ഒടുവിൽ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
വണ്ടി തടഞ്ഞുനിർത്തി ഗംഗോപാധ്യായ തനിക്കെതിരെ അസഭ്യ പരാമർശങ്ങൾ നടത്തിയെന്ന് സുപ്രിയോ ആരോപിച്ചു. താൻ ഹോൺ അടിച്ചത് എംപിയെ പ്രകോപിപ്പിച്ചുവെന്നും സുപ്രിയോ പറഞ്ഞു. മന്ത്രിയുടെ ആരോപണങ്ങൾ തള്ളുന്നതായിരുന്നു ഗംഗോപാധ്യായയുടെ പ്രതികരണം. സുപ്രിയോയാണ് തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്ന് ഗംഗോപാധ്യായ പറഞ്ഞു. വേഗത കൂടുതലാണെന്ന് പറയാൻ വേണ്ടി മാത്രമാണ് താൻ ശ്രമിച്ചതെന്നും എംപി പറഞ്ഞു.പശ്ചിമബംഗാളിലെ ഐടി മന്ത്രിയാണ് ബാബുല്‍ സുപ്രിയോ.