പാടത്തും പറമ്പിലും മാത്രമല്ല വീടിനുള്ളിലും പാകം ചെയ്ത ഭക്ഷണത്തിൽ വരെ തേരട്ടകൾ; ദുരിതത്തിലായി…
ഒരു നാട് മുഴുവൻ അട്ട ശല്യം കൊണ്ട് പൊറുതിമുട്ടുകയാണെന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല എന്നാൽ അങ്ങനെയൊരു നാടായി മാറിയിരിക്കുകയാണ് കണ്ണൂർ ചെറുപുഴ. വേനൽ മഴ ആരംഭിച്ചതോടെ ചെറുപുഴയിൽ തേരട്ട ശല്യം രൂക്ഷമായി. പാടത്തും പറമ്പിലും മാത്രമാണ് ഇവയെങ്കിൽ അത്ര പ്രശ്നമില്ല എന്നാൽ അട്ട ശല്യം വീട്ടിലും കിണറ്റിലും അടുക്കളയിലും എത്തുമ്പോൾ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.
നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന വലിയ തേരട്ടകൾ നാട്ടുകാരുടെ സ്വൈര്യം കെടുത്തുകയാണ്. രണ്ട് ആഴ്ച മുൻപാണ് ബാലവാടി ഭാഗത്ത് തേരട്ടകളെത്തി തുടങ്ങിയത്. വേനൽ മഴ പെയ്തതോടെ ഇവയുടെ എണ്ണം ക്രമാധീതമായി വർധിച്ചു. സമാധാനമായി കിടന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞു.
തേരട്ടകൾ പെരുകുന്നതോടെ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും പതിവാകുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇവ കൃഷിയും പച്ചക്കറികളും വ്യാപകമായി നശിപ്പിക്കുന്നു. ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ തേരട്ട ശല്യത്തിന് എന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


