ഹിന്ദിയിൽ ബാനർ, മുദ്രാവാക്യം, ചുവന്ന ഷാൾ; MV ഗോവിന്ദന്റെ ജാഥയ്ക്ക് സ്വീകരണവുമായി അതിഥി തൊഴിലാളികൾ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകി ഇതരസംസ്ഥാന തൊഴിലാളികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം നിയോജക മണ്ഡലത്തിലെ ആദ്യ സ്വീകരണകേന്ദ്രമായ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വീകരണം. പശ്ചിമബംഗാളിൽ നിന്നുള്ള 200-ഓളം അതിഥി തൊഴിലാളികളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ സ്വീകരിക്കാനെത്തിയത്.
കണ്ണൂർ ജില്ലയിലെ ജാഥയുടെ അവസാന ദിവസമാണ് കൗതുകകരമായ സ്വീകരണമുണ്ടായത്. ‘വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ’ എന്ന് ഹിന്ദി ഭാഷയിലെഴുതിയ ബാനറേന്തി ‘എൽഡിഎഫ് സിന്ദാബാദ്’ എന്ന് തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികൾ ജാഥയെ വരവേറ്റത്. ജാഥാ ക്യാപ്റ്റനായ എം.വി. ഗോവിന്ദനെ അതിഥി തൊഴിലാളികൾ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള നിർമാണ തൊഴിലാളികളാണ് ഇവർ. സ്വീകരണത്തിന്റെ വീഡിയോ ഇതിനകം വൈറലായി.



