ഇരുമ്പ് പൈപ്പുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.. യുവാവിന് ദാരുണാന്ത്യം…
പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്. ആലപ്പുഴ – മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം എഴുപതേക്കര്‍ നിരപ്പ്പാറയിലാണ് സംഭവം നടന്നത്.കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് പൈപ്പുമായി വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. റോഡരികിലുള്ള വീടിന്റെ മതിലും ടെലിഫോണ്‍ പോസ്റ്റുകളും തകര്‍ത്താണ് വണ്ടി മറിഞ്ഞത്. അപകടം മനസിലാക്കി വാഹനത്തില്‍ നിന്നും ചാടിയ ബാപി റോയ് വീട്ടുമുറ്റത്തെ റമ്പുട്ടാന്‍ മരത്തിനും വാഹനത്തിനുമിടയില്‍ കുരുങ്ങുകയായിരുന്നു.
വാഹനത്തില്‍ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു. മരിച്ച ബാപിയുടെ സഹോദരന്‍ രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.