ഉള്ളടക്കം പിൻവലിക്കാനുള്ള നിർദ്ദേശം തള്ളി…മെറ്റയ്ക്ക് കനത്ത പിഴ ചുമത്തി സർക്കാർ..
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം പിൻവലിക്കാഞ്ഞതിനെത്തുടർന്ന് മെറ്റയ്ക്ക് കനത്ത പിഴ ചുമത്തി തുർക്കിയ സർക്കാർ. രാജ്യത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതോടൊപ്പം സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കവും നിയന്ത്രിക്കാനാണ് തുർക്കിയ സർക്കാരിന്റെ നീക്കം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം പിൻവലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകളായ മെറ്റക്ക് സർക്കാർ കനത്തപിഴ ചുമത്തിയത്. എന്നാൽ, ചുമത്തിയ പിഴ എത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല.പൊതുതാൽപര്യം പരിഗണിച്ചാണ് തുർക്കിയ സർക്കാറിന്റെ ആവശ്യം നിരാകരിച്ചതെന്ന് മെറ്റ പ്രസ്താവനയിൽ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ അടച്ചുപൂട്ടുമെന്ന ഭീഷണികൾക്കൊപ്പം ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കണമെന്ന സർക്കാർ അഭ്യർഥന ശക്തമാണ്. സർക്കാർ നീക്കം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന്റെ രാഷ്ട്രീയ എതിരാളിയും ഇസ്തംബൂൾ മേയറുമായ ഇക്രം ഇമാം ഒഗ്ലുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം തുടങ്ങിയത്. ഇതിനെത്തുടർന്ന് എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നു.
മാധ്യമപ്രവർത്തകരുടെയും പൗരാവകാശ പ്രവർത്തകരുടെയും അടക്കം എഴുനൂറിലേറെ ‘എക്സ്’ അക്കൗണ്ടുകളാണ് പൂട്ടിയത്. സമൂഹ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളെ തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.