മെസി ആരാധകർക്ക് നിരാശ.. അർജന്റീന ഫുട്‌ബോൾ ടീം ഈ വർഷം ഇന്ത്യയിലേക്കില്ല

ലിയോണൽ മെസി കേരളത്തിലെത്തുന്നത് കാത്തിരുന്ന ആരാധകർക്ക് നിരാശ. അർജന്റീന ഫുട്‌ബോൾ ടീം ഈ വർഷം ഇന്ത്യയിലേക്കില്ല.
ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളിൽ തീരുമാനം ആയതോടെ ആണ് ഈ മാറ്റം.

ഒക്ടോബറിൽ മെസ്സി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ലായിരുന്നു. 2011ലാണ് ഇതിന് മുമ്പ് അർജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു.

പിന്നാലെ കേരള സർക്കാർ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. അർജന്റീന കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സർക്കാരിന്റെ മുന്നിലുണ്ടായിരുന്നു. ഒടുവിൽ എച്ച് എസ് ബി സി പ്രധാന സ്‌പോൺസർമാരായി എത്തിയെന്നും അർജന്റീന ടീമിനെ കേരളത്തിൽ കളിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും. ഒരു മത്സരത്തിൽ ചൈന എതിരാളികളാവും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്.

Related Articles

Back to top button