മാനസിക വെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി… ഒരുമാസക്കാലത്തോളം പീഡനത്തിനിരയാക്കിയ 53കാരന്…
നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരനെ പീഡിപ്പിച്ച 53കാരന് 60 വർഷം കഠിന തടവും 40000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് മരുതയിലെ പട്ടണം ഷമീർ ബാബുവിനാണ് നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ സംഖ്യ ഇരയ്ക്ക് നൽകും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
2020 മേയ് 10 നാണ് കേസിന് ആസ്പദമായ സംഭവം. ഒരു മാസത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. റബർ തോട്ടത്തിൽ കൊണ്ടുപോയാണ് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വഴിക്കടവ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ ശിവൻ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന പി അബ്ദുൽ ബഷീർ ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സാം കെ ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.