ഇത് ഒറിജിനലാണ് കേട്ടോ; ഒരു ശരീരവും രണ്ട് തലയുമുള്ള അപൂർവ ഇനം പാമ്പിനെ കണ്ടെത്തി
ഇന്നത്തെ കാലത്ത് പല ഫോട്ടോകളും കാണുമ്പോൾ ഇത് ഒറിജിനൽ ആണോ അതോ എഐ ആണോ എന്ന സംശയം നമുക്ക് ഉണ്ടാകാറുണ്ട്. അടുത്തിടെ രണ്ട് തലയുള്ള ഒരു പാമ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത് എഐ ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ അത് എഐ അല്ലകെട്ടോ. സംഭവം ഒറിജിനലാണ്. വളരെ അപൂർവമായി മാത്രമാണ് രണ്ട് തലയുമായി പാമ്പ് ജനിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. യുഎസിലെ ബെർക്ക്‌ലിയിലുള്ള ഈസ്റ്റ് ബേ വിവേറിയത്തിലാണ് രണ്ട് തലയുള്ള ‘കാലിഫോമിയ കിംഗ് സ്‌നേക്ക്’ ജനിച്ചത്.
രണ്ട് തലയും ഒരു ശരീരവുമുള്ള അവസ്ഥ. ഭ്രൂണ വികാസത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു ചെറിയ തലയും ഒരു വലിയ തലയുമാണ് ഈ പാമ്പിന്റെ ശരീരത്തിൽ ഉള്ളത്. രണ്ടും സ്വന്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. വലിയ തലയെക്കാൾ ചെറിയ തലയ്ക്കാണ് ശരീരത്തിന്റെ നിയന്ത്രണം കൂടുതലെന്ന് അവർ പങ്കുവച്ച വീഡിയോയിൽ പറയുന്നുണ്ട്. മറ്റൊരു വീഡിയോയിൽ ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കാണാം.
രണ്ട് തലച്ചോർ ഉള്ള ഈ പാമ്പ് ഒരു പോലെയല്ല ചിന്തിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു. ഇത് പാമ്പിന്റെ ചലനത്തെ ബാധിക്കുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ മനുഷ്യ സഹായമില്ലാതെ സ്വന്തമായി ഇരപിടിച്ച് ജീവിക്കാൻ ഇവയ്ക്ക് കഴിയില്ല.
ഈ വർഷം മാർച്ചിൽ ആറ് മാസം തികഞ്ഞ ഈ പാമ്പിന്റെ ചിത്രങ്ങൾ ഈസ്റ്റ് ബേ വിവേറിയം പങ്കുവച്ചിരുന്നു. ബെെസെഫാലി എന്ന അവസ്ഥയാണ് ഇതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള പാമ്പുകളുടെ ആയുസ് കുറവായിരിക്കുക്കും, എന്നാൽ ശരിയായ പരിചരണം ലഭിച്ചാൽ വർഷങ്ങളോളം ഇവയ്ക്ക് ജീവിക്കാൻ കഴിയും.