ടെലഗ്രാമിൽ ലാവണ്യ.. ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റപ്രസന്‍റേറ്റീവിൽ നിന്നും തട്ടിയത് 25 ലക്ഷം…

ആലപ്പുഴ: ഓൺലൈൻ ലേലത്തിന്റെ പേരിൽ തലവടി സ്വദേശിയായ മെഡിക്കൽ റപ്രസന്റേറ്റീവിൽ നിന്നും 25.5 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ കെ അർജുനെ (26) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബിഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്

2025 മേയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നു ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡിങ് (ലേലം) നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചു കൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. തട്ടിപ്പ് മനസിലായതോടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതിപ്പെട്ടതോടെയാണ് പ്രതിയെ പിടികൂടിയത്

ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം എം മഹേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ റിയാസ്, പി എം അജിത് എന്നിവർ മലപ്പുറം ജില്ലയിലെ കുളത്തൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തെലങ്കാന സൈബരാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തമിഴ്‌നാട് കോയമ്പത്തൂർ സുലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ പരാതികൾ നിലവിലുണ്ട്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button