മൂന്ന് ദിവസംകൊണ്ട് ശരിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി..അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടുമാസം..പ്രവർത്തനസജ്ജമാകാതെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗം..
തീപ്പിടുത്തത്തിനു ശേഷം അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഇതുവരെ പ്രവർത്തനസജ്ജമായില്ല. മൂന്ന് ദിവസംകൊണ്ട് ശരിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പ് നൽകിയ കാഷ്വാലിറ്റി ബ്ലോക്ക് ആണ് രണ്ടുമാസമായി അടഞ്ഞുകിടക്കുന്നത്. മെയ് രണ്ടിനുണ്ടായ തീപ്പിടുത്തത്തെ തുടർന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് ആരോഗ്യവകുപ്പിന് കെെമാറിയിരുന്നു.
കെട്ടിടത്തിലെ മുഴുവൻ ബ്ലോക്കിലെയും വയറിങ്ങുകൾ പരിശോധിക്കുകയും ആവശ്യമുള്ളവ റിപ്പയർ ചെയ്ത് ശരിയാകുകയും വേണം. അതിനുശേഷം പിഡബ്ല്യുഡിയുടെ പരിശോധനകൾ നടക്കണം. പണി പൂർത്തിയായാൽ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം പരിശോധന നടത്തണം. ഫയർ ഓഡിറ്റിങ് കഴിഞ്ഞ് ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ കെട്ടിടത്തിന് വീണ്ടും എൻഒസി ലഭിക്കുകയുള്ളൂ.
195 കോടി രൂപയിൽ പിഎംഎസ്എസ് വെെ വഴി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയ എച്ച്എൽഎൽ ഹെെറ്റ്സ് എന്ന ഏജൻസി തന്നെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. എന്നാൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നതാവട്ടെ രോഗികളും. താത്കാലികമായി ഒരുക്കിയ കാഷ്വാലിറ്റിയിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിയേണ്ട അവസ്ഥയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ഇതിന് എന്ന് പരിഹാരം ഉണ്ടാവുമെന്നാണ് ഇവരുടെ ചോദ്യം.