ഒരു പാക്കറ്റ് റൊട്ടിക്ക് ആയിരം രൂപയിലേറെ വേണം… കൊടും പട്ടിണിയിൽ….
ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമായി തുടരവെ ഗാസ കൊടുംപട്ടിണിയിലെന്ന് റിപ്പോർട്ട്. ഗാസയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഒരുനേരം വിശപ്പടക്കാനുള്ള ഭക്ഷണം മാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവശ്യസാധനങ്ങൾക്ക് പോലും വില കുതിച്ചുയരുന്നതും ജനങ്ങളെ വലയ്ക്കുകയാണ്. ഗാസ കൊടുംപട്ടിണിയിലേക്ക് വീഴുകയാണെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 13 മാസമായി ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മധ്യഗാസയിലെ ബേക്കറികളെല്ലാം പൂട്ടി. ബുധനാഴ്ച ഒരു പാക്കറ്റ് റൊട്ടിയുടെ വില 13 ഡോളറായിരുന്നു (1097 രൂപ). കരുതൽശേഖരം തീർന്നതോടെയാണ് ബേക്കറികൾ അടച്ചുപൂട്ടിയത്. മധ്യ-തെക്കൻ ഗാസയിൽ കൊടുംപട്ടിണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം ഇനിയും പെരുകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
കഴിഞ്ഞയാഴ്ച തെക്കൻ ഗാസയിൽ ഭക്ഷണവുമായെത്തിയ നൂറോളം ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടിരുന്നു. യുദ്ധത്തിൽ പട്ടിണിയും ആയുധമാക്കിയെന്നാരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെയും പേരിൽ വ്യാഴാഴ്ച അന്താരാഷ്ട്ര ക്രിമിനൽക്കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
അതിനിടെ, ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രവർത്തിക്കുന്ന പലസ്തീൻ അനുകൂല സായുധസംഘമായ ഇസ്‍ലാമിക് ജിഹാദിന്റെ റോക്കറ്റ് വിഭാഗം കമാൻഡറെ ഇസ്രയേൽസൈന്യം വധിച്ചു.
മധ്യഗാസയിലെ ഡെയ്ർ അൽ ബലായിൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിലാണ് കമാൻഡർ ഖലീദ് അബു ദാക്ക കൊല്ലപ്പെട്ടത്. ഇയാൾ അവിടംകേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. ഹമാസിന് പിന്തുണനൽകി 2023 ഒക്ടോബർ ഏഴുമുതൽ തെക്കൻ ഇസ്രയേലിലേക്ക് ഇസ്‍ലാമിക് ജിഹാദ് റോക്കറ്റുകളയക്കുന്നുണ്ട്. അതിന്റെ മേൽനോട്ടം ദാക്കയ്ക്കായിരുന്നു.