‘ഡോ. ഹാരിസിന്റെ മുറി തുറന്നത് പരിശോധനയ്ക്ക്, പൂട്ടിയത് സുരക്ഷയുടെ ഭാഗം’
ഡോക്ടർ ഹാരിസിൻറെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. മുറിയിൽ ഒരു ഉപകരണം ഉണ്ട്. എന്നാൽ പൂർണ്ണമായും മോർസിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. ഡിഎംഇ അടക്കമുള്ളവരും പരിശോധനയിൽ ഉണ്ടായിരുന്നു. ഡിഎംഇ യുടെ ടെക്നികൽ ടീം ഇന്ന് വീണ്ടും പരിശോധന നടത്തും. പരിശോധന കഴിഞ്ഞാൽ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകൂ എന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി കെ ജബ്ബാർ വ്യക്തമാക്കി. ഡോ. ഹാരിസ് നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻറെ വിശദീകരണം.
ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോക്ടർ ഹാരിസിനോ അദ്ദേഹത്തിൻറെ അസിസ്റ്റന്റിനോ കൈമാറും. ഇന്ന് പരിശോധന പൂർത്തിയാകും എന്നും ഡോക്ടർ ജബ്ബാർ പ്രതികരിച്ചു.
തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് ഡോക്ടർ ഹാരിസ്. ആരോപിക്കുന്നത്. കെജിഎംസിടിഎ ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ. കുടുക്കാൻ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു എന്നും ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിലുണ്ട് എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായതിൽ അന്വേഷണം വേണണെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു. ഉപകരണം അവിടെ തന്നെ ഉണ്ടെന്നാണ് നിലവിൽ ഡോക്ടർ ഹാരിസ് പറയുന്നത്. ഉപകരണം കാണാതായെന്ന കണ്ടെത്തലിൽ നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു.