മാവേലിക്കരയിൽ എം.ബി.ബി.എസ്സ് അഡ്മിഷൻ തട്ടിപ്പ്…. 43 ലക്ഷം മുക്കിയ പ്രതി പിടിയിൽ.
മാവേലിക്കര: എം.ബി.ബി.എസ്സിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന വ്യാജേന പണം കൈക്കലാക്കി വന്നിരുന്ന പ്രതിയെയാണ് കുറത്തികാട് പൊലീസ് അറസ്റ്റു ചെയ്തത്. കായംകുളത്ത് നിന്നും എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചിരുന്ന കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതി, കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ എറണാകുളത്ത് നിന്നും കണ്ടെത്തി കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. രാജേഷ്.ആർ.നായർ, എ.എസ്.ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഇതേ രീതിയിൽ പലരിൽനിന്നും രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നൽകുകയോ, പണം തിരികെ നൽകുകയോ ചെയ്യാതെ ഒരു വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിലായി ഒളിച്ചുമാറി താമസിച്ചു വരികയായിരുന്നു.
പ്രതിക്കെതിരെ തൃപ്പൂണിത്തുറ ഹിൽപാലസ്, നെടുമങ്ങാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ സമാന രീതിയിലുള്ള കേസ്സുകൾ നിലവിലുണ്ട്. പ്രതി കൂടുതൽ ആളുകളിൽ നിന്നും പണം കൈക്കലാക്കിയിട്ടുള്ളതായി അറിവായിട്ടുണ്ട്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.