ജി സുധാകരനോടുള്ള അവഗണന.. രൂക്ഷ വിമര്‍ശനം.. ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി…

ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷാണ് രംഗത്തെത്തിയത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ട്ടി അംഗം കൂടിയായ ഷീബ രാകേഷിന്റെ വിമര്‍ശനം. ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്നും അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചു പറയാവുന്ന പേരുകളില്‍ ഒന്നാമനെന്നും ഷീബ വ്യക്തമാക്കുന്നു. ആ പേര് പറഞ്ഞ് ഉപദ്രവിച്ചാലും മൂലയ്ക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും അതുറക്കെ വിളിച്ചു പറയാന്‍ പേടിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. സുധാകരനെ കുറ്റം പറയുന്നവര്‍ നേരിട്ട് കാണുമ്പോള്‍ മുട്ടു വിറക്കുന്നു എന്നും വിമര്‍ശനമുണ്ട്.സഖാവിനെ കുറിച്ച് നാടുനീളെ കുറ്റം പറയുന്നവര്‍ വായിക്കാനാണ് കുറിപ്പെന്നും ഷീബ പറയുന്നു.

നേരത്തെ സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ ജി സുധാകരനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്ത് വരികയായിരുന്നു. സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആര്‍ നാസര്‍ വ്യക്തമാക്കിയത്. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ സുധാകരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button