മുണ്ടുടുത്ത് ക്രീസിലിറങ്ങി മന്ത്രിയുടെ തകർപ്പൻ സിക്സർ, എം.ബി. രാജേഷ് ഓൺ ഫയർ

മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകർ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാൾ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിൻറെ തകർപ്പൻ ബാറ്റിംഗിനെക്കുറിച്ചാണ്.
ഇന്നലെ തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിൻറെ സമ്മാനവിതരണത്തിനായി എത്തിയതായിരുന്നു മന്ത്രി. സംഘാടകർ നിർബന്ധിച്ചപ്പോൾ ഒരോവർ ബാറ്റ് ചെയ്യാമെന്ന് മന്ത്രി സമ്മതിച്ചു. പക്ഷെ പ്രഫഷണൽ താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു മന്ത്രി പിന്നീട് ക്രീസിൽ നടത്തിയത്.
നേരിട്ട ആദ്യ പന്ത് തന്നെ പോയൻറിന് മുകളിലൂടെ പറത്തിയ മന്ത്രി കാണികളുടെ കൈയടി നേടി. അടുത്ത പന്തിൽ ഒരു സ്ട്രൈറ്റ് ഡ്രൈവ്. അടുത്ത പന്തിനെ ഫ്രണ്ട് ഫൂട്ടിൽ ലോംഗ് ഓണിന് മുകളിലൂടെ പറത്തി മന്ത്രി വീണ്ടും ഞെട്ടിച്ചു. അവിടം കൊണ്ടും തീർന്നില്ല, നാലാം പന്തിൽ സൂര്യകുമാർ യാദവിനെ വെല്ലുന്നൊരു ഉഗ്രൻ സ്വീപ് ഷോട്ട്. അടുത്ത പന്ത് പോയൻറിലേക്ക് തട്ടിയിട്ടു. അവസാന പന്ത് ഡിഫൻഡ് ചെയ്ത മന്ത്രിയുടെ ക്ലാസിക് ബാറ്റിംഗ്.




