മാവേലിക്കരയിൽ യുവമോർച്ച മാർച്ചിനിടെ സംഘർഷം, പൊലീസ് ലാത്തിച്ചാർജ് നടത്തി

മാവേലിക്കര- ശബരിമല സ്വർണ്ണ കോള്ളയിൽ മന്ത്രിമാരെ സംരക്ഷിക്കുന്നതിനെതിരെ യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാവേലിക്കര ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേട് വെച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞപ്പോൾ ബാരിക്കേട് ചാടിക്കടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങിയതാണ് സംഘർഷവും ലാത്തിച്ചാർജ്ജും ഉണ്ടാകുവാൻ കാരണം. യുവമോർച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഒടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് യുവമോർച്ച പ്രവർത്തകർ പ്രകടനമായി ദേവസ്വം ബോർഡിന്റെ മാവേലിക്കര ഓഫീസിലേക്ക് എത്തിയത്. മാവേലിക്കര പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് പൊലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് ബി.ജി.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷമാണ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചാടിക്കടക്കുകയും ചെയ്തത്. ഇതോടെ പൊലീസ് ലാത്തിവീശകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതി അടക്കമുള്ള നേതാക്കൾ എത്തിയാണ്. രംഗം ശാന്തമാക്കിയത്. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


