മാവേലിക്കര… സ്ഥാനാർത്ഥി പട്ടികയിൽ ഇവർ….

മാവേലിക്കര- നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ പാർട്ടികളിൽ സജീവമായിട്ടുണ്ട്. പട്ടികജാതി സംവരണ മണ്ഡലമായ മാവേലിക്കരയിലും ഇതിനോടകം സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി, എൻ.എസ്.എസ്, മുസ്ലിം, പുലയർ എന്നീ സാമുദായിക വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് മാവേലിക്കര. അതുകൊണ്ടുതന്നെ ഈ സമുദായ സംഘടനകളുടെ തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
എൽ.ഡി.എഫ് തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലത്തിൽ ഇത്തവണ മത്സര രംഗത്ത് നിലവിലുള്ള എം.എൽ.എയായ എം.എസ്.അരുൺകുമാറിന്റെ പേരിന് തന്നെയാണ് മുൻതൂക്കം. സീറ്റ് സി.പി.എം തന്നെ ഏറ്റെടുക്കുമെന്നതിൽ രണ്ട് അഭിപ്രായം ഇല്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച എം.എസ്.അരുൺകുമാറിന് മണ്ഡലത്തിൽ പൊതുസ്വീകാര്യത ഉണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മുൻ എം.എൽ.എ രാജേഷിന്റെ പേരും പരിഗണിക്കുന്നുണ്ട്.
യു.ഡി.എഫിൽ നിന്ന് രണ്ട് അഭിഭാഷകരുടെ പേരുകളാണ് പരിഗണിക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയിലെ എസ്.സി ദേശീയ കോർഡിനേറ്റർ മുത്താര രാജിന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. മാവേലിക്കര ജില്ലാ കോടതി അഭിഭാഷക കൂടിയായ ഇവരെ കോൺഗ്രസ് പരിപാടികളിൽ സജീവമായി പങ്കെടുപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാവേലിക്കര ബാറിലെ തന്നെ മറ്റൊരു അഭിഭാഷകനായ സനിൽ കുഞ്ഞച്ചന്റെ പേരും കോൺഗ്രസ് പരിഗണനയിലുണ്ട്. മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുള്ള കെ.പി.എം.എസ്സിന്റെ പിൻതുണ സനലിന് ലഭിക്കുമെന്നതാണ് ഇദ്ദേഹത്തെ പരിഗണിക്കാൻ കാരണം. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം. മുത്താരയെ സ്ഥാനാർത്ഥി ആക്കുന്നതിൽ ഒരു ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എതിർപ്പ് അറിയിച്ചതായും പറയുന്നു. തുടക്കത്തിൽ മുത്താരക്കായിരുന്നു മുൻതൂക്കമെങ്കിലും മണ്ഡലത്തിൽ ബന്ധുബലം കൂടുതലായുള്ള ചെന്നിത്തല സ്വദേശി സനൽ കുഞ്ഞച്ചനെ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച ഇപ്പോൾ സജീവമാണ്.
എൻ.ഡി.എയിൽ നിന്ന് പന്തളം പ്രതാപന്റെ പേരാണ് പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. അഭിഭാഷകനായ ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയാണ്. അടൂർ സ്വദേശിയാണെങ്കിലും മണ്ഡലത്തിൽ നല്ല വ്യക്തിബന്ധവും സ്വാധീനവുമുള്ള ആളാണ് പന്തളം പ്രതാപൻ. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായിരുന്ന സഞ്ജുവിന്റെ പേരും ബി.ജെ.പി പരിഗണിക്കുന്നുണ്ട്.




