കിട്ടിയാൽ തല്ലികൊല്ലും… കൈയിൽ വടികളുമായി ചെന്താമരയെ തിരഞ്ഞ് നാട്ടുകാർ….

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ തിരഞ്ഞ് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിക്കാരാണ് ചെന്താമരയെ തിരഞ്ഞിറങ്ങിയത്. നേരത്തേ ചെന്താമരയെ ഈ പ്രദേശത്ത് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലിന് ഇറങ്ങിയിരിക്കുന്നത്. ചെന്താമരയെ കിട്ടിയാല്‍ വെറുതെ വിടില്ലെന്നും തല്ലിക്കൊല്ലുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത് തമാശ കളിയല്ല. ഇത്രയും ആള്‍ക്കാരെ മണ്ടന്മാരാക്കാമെന്ന് ചെന്താമര കരുതേണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

മാട്ടായിയില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും പരിശോധന നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു. നാല് ടീമായി തിരിഞ്ഞാണ് പരിശോധനയ്ക്ക് ഇറങ്ങുന്നത്. ബോയര്‍ നഗര്‍ മേഖലയിലും മാട്ടായി മേഖലയിലും പരിശോധന നടക്കുന്നുണ്ട്. വനമേഖലയായതിനാലും വെളിച്ചം കുറവാണ് എന്നുള്ളതും തിരച്ചിലിന് വെല്ലുവിളിയാണ്. ചെന്താമര പോത്തുണ്ടിയില്‍ ജനിച്ചു വളര്‍ന്ന ആളാണ്. അയാള്‍ക്ക് സ്ഥലങ്ങള്‍ അറിയാം. മാട്ടായിയുടെ താഴ്ഭാഗം നെല്ലിക്കാടാണ്. അവിടെ നിറയെ കൃഷിയിടങ്ങളാണ്. തെങ്ങിന്‍തോപ്പും നെല്‍കൃഷികളുമടക്കമുണ്ട്. ഒറ്റപ്പെട്ട വീടുകളുള്ള പ്രദേശം കൂടിയാണിത്. അവിടെയെല്ലാം ഒളിച്ചിരിക്കാന്‍ സൗകര്യമുണ്ട്. മാട്ടായിയുടെ മറ്റൊരു ഭാഗം കൊടുംകാടാണ്. അവിടേയ്ക്ക് ചെന്താമര കടന്നുചെല്ലാനുള്ള സാധ്യത കുറവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയില്‍ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു.

Related Articles

Back to top button