‘ഇ.ഡി അല്ല, സി.ബി.ഐ വന്നാലും ഒറ്റ നിലപാടേയുള്ളൂ.. പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല, ശേഷം പിന്നാലെ’…
സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുവെന്ന വാർത്തകളോട് പ്രതികരിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. ഇ.ഡി അല്ല, സി.ബി.ഐ വന്നാലും വിഷയത്തിൽ ഒറ്റ നിലപാടെ ഉള്ളൂവെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയപ്രേരിതമെന്നോ മാധ്യമസൃഷ്ടി എന്നോ പറഞ്ഞു ഒളിച്ചോടുകയോ ഒഴിഞ്ഞുമാറുകയോ ഇല്ലെന്നും ധീരതയോടെ നേരിടുമെന്നും മാത്യൂ കൂട്ടിച്ചേർത്തു.
ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിലാണ് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ അന്വേഷണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി വിജിലൻസിൽനിന്ന് ശേഖരിച്ചു.
2012ൽ കുഴൽനാടനും സുഹൃത്തുക്കളും ചിന്നക്കനാൽ വില്ലേജിൽ 34/1 സർവേ നമ്പറിൽപെട്ട ഒരേക്കർ ഭൂമി വാങ്ങിയശേഷം ഇതിനോട് ചേർന്നുള്ള 50 സെന്റ് സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്നും കൈയേറ്റമാണെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.
തുടർന്ന് അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിജിലൻസിന്റെ ഇടുക്കി യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആകെ 21 പ്രതികളുള്ള കേസിൽ കുഴൽനാടൻ 16ാം പ്രതിയാണ്. മുൻ ദേവികുളം തഹസിൽദാർ പി.കെ. ഷാജിയാണ് ഒന്നാംപ്രതി.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ED അല്ല CBI വന്നാലും ഈ വിഷയത്തിൽ ഒറ്റ നിലപാടെ ഉള്ളൂ.. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയപ്രേരിതമെന്നോ മാധ്യമസൃഷ്ടി എന്നോ പറഞ്ഞു ഒളിച്ചോടുകയോ ഒഴിഞ്ഞുമാറുകയോ ഇല്ല. ധീരതയോടെ നേരിടും.
പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. ശേഷം പിന്നാലെ..”