ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന നടത്തിയ കോൺഗ്രസ് എം എൽഎക്കെതിരെ വൻ പ്രതിഷേധം

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന നടത്തിയ മധ്യപ്രദേശിലെ കോൺഗ്രസ് എം എൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. എംഎൽഎയെ രാഹുൽ ഗാന്ധി സംരക്ഷിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. എംഎൽഎയെ പുറത്താക്കാത്തത് നേതാക്കളുടെ വിവരങ്ങൾ പുറത്ത് വരുമെന്ന ഭയം മൂലമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വിവാദ പ്രസ്താവന നടത്തിയ എംഎൽഎ ഫൂൽസിംഗിനോട് കോൺഗ്രസ് വിശദീകരണം തേടിയിരുന്നു. പിന്നോക്ക വിഭാഗക്കാരായ സ്ത്രീകളെ ബലാത്‌സംഗം ചെയ്താൽ തീർത്ഥാടനത്തിൻ്റെ ഫലം കിട്ടുമെന്നായിരുന്നു എംഎൽഎ ഫൂൽസിംഗിന്റെ പ്രസ്താവന.
ഇന്നലെയാണ് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂല്‍ സിങ് ബരയ്യ രംഗത്തെത്തിയത്. സുന്ദരികളായ പെൺകുട്ടികൾ പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുമെന്നും പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും ബലാത്സംഗത്തിന് ഇരയാകുന്നു എന്നുമായിരുന്നു എംഎൽഎയുടെ പരാമർശം. ദളിത്, ആദിവാസി സ്ത്രീകളെ ബലാല്‍സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായും ഇതുകൊണ്ടാണ് കുട്ടികൾ വരെ ബലാൽസംഗത്തിന് ഇരയാകുന്നതെന്നതുമാണ് എംഎൽഎ പറഞ്ഞത്. എംഎൽഎയുടെ പരാമർശം കോൺഗ്രസിന്രെ പൊതുമനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.



