അസാധാരണമായ മുടികൊഴിച്ചില്‍.. പലരും ഒരാഴ്ചകൊണ്ട് കഷണ്ടി.. പരിഭ്രാന്തിയില്‍ ഒരു ഗ്രാമം…
അമിതമായ മുടികൊഴിച്ചില്‍, ഒരാഴ്‌കൊണ്ട് മുടി പൂര്‍ണമായും പോയ അവസ്ഥയിലാണ് ചിലര്‍.അസാധാരണ മുടികൊഴിച്ചിലുണ്ടായതോടെ ആളുകള്‍ നിരീക്ഷണത്തില്‍.മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ബൊര്‍ഗാവ്, കല്‍വാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം. എന്തുകൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രദേശങ്ങളില്‍ ആരോഗ്യവിദഗ്ധരുടെ പരിശോധന തുടരുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് സ്ത്രീകളുടെ അടക്കം മുടി അമിതമായി കൊഴിയാന്‍ തുടങ്ങിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. മുടികൊഴിച്ചില്‍ ആരംഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ കഷണ്ടിയാകുമെന്നും കൈകള്‍ കൊണ്ട് വെറുതെ തൊടുമ്പോള്‍ പോലും വലിയ അളവില്‍ മുടി കൊഴിഞ്ഞ് പോവുകയാണെന്നും ഇവര്‍ പറയുന്നു.
നിരവധി ആളുകള്‍ക്ക് സമാനമായ അവസ്ഥയുണ്ടായതോടെയാണ് ജില്ലാമെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചത്. കൃഷിക്ക് അമിത അളവില്‍ ഉപയോഗിക്കുന്ന വളങ്ങള്‍ മൂലം ജലമലിനീകരണം സംഭവിച്ചതാകാം ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകുക എന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്.ഏകദേശം അമ്പതോളം പേര്‍ക്ക് നിലവില്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്. ഈ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ആളുകളുടെ മുടിയുടെയും സ്‌കിന്നിന്റെയും സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം ലഭിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.