രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് സിപിഎം നേതാക്കൾ

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് സിപിഎം നേതാക്കൾ. തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ലെന്നും എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിതെന്നും എംവി ജയരാജനും, കെകെ രാഗേഷും മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് രണ്ട് റിപ്പോർട്ടുകളും പാർട്ടി ചർച്ച ചെയ്ത് നിലപാടെടുത്തത് എംവി ജയരാജൻ പറഞ്ഞു.
പാർട്ടിയുടെ സംഘടനാ രീതി പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ആ നിലപാടിനൊപ്പം നിൽക്കുക എന്നതാണ്. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാട് താനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാർ എന്നതാണ്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ല. വരവ് ചിലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ മധുസൂധനനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. വീഴ്ച്ച വരുത്തിയവരെ തരംതാഴ്ത്തിയിരുന്നുവെന്നും, മൺമറഞ്ഞുപോയ കോടിയേരി ബാലകൃഷ്ണനെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും എംവി ജയരാജൻ പറഞ്ഞു.
എന്തായിരുന്നു കമ്മീഷന്റെ നിഗമനമെന്നും പാർട്ടി കമ്മിറ്റിയിൽ ഉന്നയിക്കുക എന്നതായിരുന്നു അതെന്നും കെകെ രാഗേഷ് പറഞ്ഞു. ഉന്നയിച്ച കാര്യം പിന്നീട് വാർത്തയായി പുറത്തുവന്നു. തെറ്റായ ഒരു കാര്യവും പാർട്ടിക്കുള്ളിൽ വച്ച് പൊറുപ്പിക്കില്ല. പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ടെന്നും കെകെ രാഗേഷ് പറഞ്ഞു.




