ഭർത്താവിനെ കാണാതായത് 2018ൽ; 7 വർഷങ്ങൾക്കിപ്പുറം മറ്റൊരു യുവതിക്കൊപ്പം ഇൻസ്റ്റഗ്രാം റീൽസിൽകണ്ടെന്ന് ഭാര്യ..

2018ൽ ഭർത്താവിനെ കാണാതായി. 7 വർഷങ്ങൾക്ക് ശേഷം യുവാവിനെ മറ്റൊരു യുവതിയുമായി ഇൻസ്റ്റഗ്രാം റീൽസിൽ കണ്ടെന്ന് ഭാര്യ. ഉത്തർപ്രദേശിലെ ഹർദോയിയിലെ അതാമൗ ഗ്രാമത്തിലെ ജിതേന്ദ്ര കുമാറിനെയാണ് വര്‍ഷങ്ങൾക്ക് മുൻപ് കാണാതായത്. തുടർന്ന് ഭാര്യയും കുടുംബവും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ഏഴ് വര്‍ഷങ്ങൾക്ക് ശേഷം ഇയാളെ സോഷ്യൽമീഡിയയിൽ കണ്ടെത്തിയെന്നാണ് ഭാര്യ ഷീലു പറയുന്നത്.

2017ലാണ് ജിതേന്ദ്ര കുമാര്‍ മുരാർനഗറിൽ നിന്നുള്ള ഷീലുവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ദമ്പതികൾക്ക് ഒരു മകൻ ജനിച്ച ശേഷം ഇയാളെ കാണാതാവുകയായിരുന്നു. 2018 ഏപ്രിലിൽ പൊലീസ് പരാതി നൽകി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജിതേന്ദ്രയുടെ തിരോധാനത്തിൽ ഷീലുവിന്‍റെ കുടുംബത്തിന് പങ്കുണ്ടെന്നായിരുന്നു യുവാവിന്‍റെ ബന്ധുക്കളുടെ ആരോപണം. ഇപ്പോള്‍ മകനോടൊപ്പം സ്വന്തം വീട്ടില്‍ താമസിക്കുകയാണ് ഷീലു. ഇതിനിടയിലാണ് ലുധിയാനയിലെ ഒരു സ്ത്രീക്കൊപ്പമുള്ള ജിതേന്ദ്രയുടെ റീൽസുകൾ കാണുന്നത്. ഈ റീൽസുകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തന്‍റെ ഭർത്താവ് വേറെ വിവാഹം കഴിച്ചുവെന്നും മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നുവെന്നും അവർ പറഞ്ഞു. ജിതേന്ദ്രയുടെ കുടുംബത്തിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാൽ ഒന്നും തന്നോട് തുറന്നുപറഞ്ഞില്ലെന്നും ഷീലു പറയുന്നു.

”എല്ലാ ആചാരങ്ങളോടും കൂടിയാണ് 2017ൽ ഞങ്ങൾ വിവാഹിതരാകുന്നത്. എനിക്ക് ഒരു മകനുണ്ട്. എന്‍റെ കുടുംബം അവരുടെ മകനെ കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവിന്‍റെ കുടുംബം ആരോപിച്ചിരുന്നത്. പക്ഷേ സത്യം എന്തെന്നാൽ അദ്ദേഹത്തിന്‍റെ കുടുംബം എനിക്കെതിരെ ഗൂഢാലോചന നടത്തി. അവർ എന്നെ കളിയാക്കി, ഇന്നും എന്നെ തെറ്റിദ്ധരിപ്പിക്കുന്നു” ഷീലു എൻഡി ടിവിയോട് പറഞ്ഞു. “അവർ വിവാഹിതരായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം, ആരെയും അറിയിക്കാതെ അയാൾ വീട് വിട്ടുപോയി, പൊലീസിൽ പരാതി നൽകിയിരുന്നു” അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് നൃപേന്ദ്ര കുമാർ പറഞ്ഞു. ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് വീഡിയോകളിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്ന്, നേരത്തെ പരാതി നൽകിയ സാൻഡില പൊലീസ് സ്റ്റേഷനിൽ ഷീലു അടുത്തിടെ വീണ്ടും ഒരു പരാതി സമർപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. “അന്വേഷണം നടക്കുന്നുണ്ട്, ഉചിതമായ നിയമനടപടി സ്വീകരിക്കും,” നൃപേന്ദ്ര കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button