ട്രൂഡോ പടിയിറങ്ങി.. കാനഡയെ ഇനി മാര്‍ക്ക് കാര്‍ണി നയിക്കും.. പ്രധാന വെല്ലുവിളി ട്രംപ്…

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായ കാര്‍ണി, ഇംഗ്ലീഷിലും ഫ്രഞ്ചിലും ആണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനോട് കൂറ് പ്രഖ്യാപിച്ച കാര്‍ണി അദ്ദേഹത്തിന്റെ മഹത്വത്തിന് വിശ്വസ്തനായ ദാസനായി സേവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അമേരിക്കയുമായി തർക്കങ്ങൾ മുറുകുമ്പോഴാണ് മാർക് കാർണി തലപ്പത്ത് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.ഒക്ടോബർ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. ഇന്ത്യൻ വംശജരായ കമൽ ഖേരയും ,അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ട്. നീണ്ട ഒൻപത് വർഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്.രാഷ്ട്രീയത്തിൽ തുടക്കക്കാരനാണ് കാർണി. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാൾ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായാണ്. ലിബറൽ പാർട്ടി തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡിനെ കാർണി പരാജയപ്പെടുത്തിയിരുന്നു.
നിലവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സർവേകളിൽ കാർണിയെ കാനഡക്കാർ വിശേഷിപ്പിക്കുന്നത്. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായിട്ടാണ് മാർക് കാർണി എത്തുന്നത്.