മാറനല്ലൂർ സുരേഷ് കൊലക്കേസ്… പ്രതികളായ മുഴുവൻ ആർ. എസ്. എസ്, ബി.ജെ.പി പ്രവർത്തകരെയും വെറുതെ വിട്ടു….
CPM പ്രവർത്തകനായ തമലം സ്വദേശി കുട്ടപ്പൻ എന്ന സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുഴുവൻ RSS BJP പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളായ സാം ജോൺസൺ, ഉണ്ണി, രജ്ഞിത്ത്, ശിവകുമാർ, അരുൺ, വിനോദ് , സുഭാഷ്, സുനിൽ, രാധാകൃഷ്ണൻ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു വെറുതെ വിട്ടത്.
2016 ആഗസ്റ്റ് 13ന് തേവരക്കോട് പഞ്ചമി ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ച് സ്കൂട്ടറിൽ പോകുകയായിരുന്ന സുരേഷിനെ പ്രതികൾ കാറിൽ പിൻതുടർന്നു തടഞ്ഞു നിർത്തി രാവിലെ എട്ടരയോടെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തുടർന്ന് പ്രതികൾ വന്ന കാർ സ്ഥലത്ത് വെച്ച് കേടായതിനെ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടവെന്നും ഈ സമയം രണ്ടാം പ്രതിയെ സമീപ സ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും പോലിസ് സമീപ സ്ഥലത്തു നിന്നും ഉടൻ തന്നെ കണ്ടെത്തിയിരുന്നു.
കേസിൽ ദൃക്സാക്ഷികളായി പോലിസ് കുറ്റപത്രത്തിൽ കാണിച്ച എല്ലാവരും കടുത്ത സി പി എം പ്രവർത്തകരാണെന്നും കളവായി സാക്ഷി ചേർക്കപ്പെട്ടവരാണെന്നും പ്രതികളെ മുൻ പരിചയമില്ലാതിരുന്ന സാക്ഷികൾക്ക് പോലിസ് ഉദ്യോഗസ്ഥരും CPM നേതാക്കളും പ്രതികളുടെ ഫോട്ടോകളും വീഡിയോയും കാണിച്ച് പരിചയപ്പെടുത്തിയതാണെന്നുമുള്ള വാദമാണ് കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.പ്രതാപ് ജി പടിക്കൽ പ്രധാനമായും ഉയർത്തിയത്. കൂടാതെ രണ്ടാം പ്രതിയെ സംഭവ സ്ഥലത്തു നിന്നും പിടികൂടി എന്നുള്ള പോലിസ് ഭാഷ്യവും പ്രതിയുടെ അറസ്റ്റിനെ സംബന്ധിച്ചുള്ള നടപടിക്രമങ്ങളിലെ പാളിച്ചകളും ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിയുടെ വസ്ത്രങ്ങളിൽ നിന്നും മരണപ്പെട്ടയാളുടെ DNA കിട്ടിയെന്നുളള പ്രോസിക്യൂഷൻ അവകാശത്തെയും പ്രതിഭാഗം വിശദമായ ക്രോസ് വിസ്താരത്തിൽ കളവാണെന്ന് തെളിയിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാർ അഞ്ചാം പ്രതിയിൽ നിന്നും മറ്റൊരാൾ വാടകക്ക് എടുത്തു കൊണ്ടു പോയതാണെന്നും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു.
കേസിലെ ഒന്നും രണ്ടും മൂന്നും അഞ്ചും എട്ടും പ്രതികൾക്ക് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും മൂന്നും ഏഴും ഒമ്പതും പ്രതികൾക്കായി അഡ്വ.അർജുൻ ശ്രീധർ, അഡ്വ.ഹരികൃഷ്ണൻ എന്നിവരും ആറാം പ്രതിക്കായി അഡ്വ.ഗിരി കുമാർ, അഡ്വ.ഹേമരാജ് എന്നിവരുമാണ് ഹാജരായത്.