മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്.. സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായി…
ആര്‍ച്ച് ബിഷപ് മാര്‍ ജോർജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ പുതിയ കർദിനാളായി ഉയർത്തി. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വത്തിൽ നടന്ന ചടങ്ങിലാണ് കർദിനാളായി ഉയർത്തപ്പെട്ടത്. വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളാകുന്ന ആദ്യ ഇന്ത്യൻ വൈദികനാണ് മാര്‍ ജോർജ് ജേക്കബ് കൂവക്കാട്. മാര്‍ ജോർജ് ജേക്കബ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
മാർപാപ്പയുടെ പ്രത്യേക കുർബാനയോട് കൂടി ആരംഭിച്ച ചടങ്ങിൽ പുതിയ കർദിനാൾമാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവ കൈമാറലുമാണ് നടന്നത്. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാർ കൂവക്കാട് ധരിച്ചത്.ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയൻ ബിഷപ്പ് ആഞ്ജലോ അസർബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രെനിയൻ ബിഷപ്പ് മൈക്കലോ ബൈചോകും കർദിനാളായി ഉയർത്തപ്പെട്ടവരിൽ ഉൾപ്പെടും. മാർപാപ്പയുടെ 256 അംഗ കർദിനാൾ സംഘത്തിലാണ് മാർ കൂവക്കാട് അടക്കമുള്ളവർ ഭാഗമാവുന്നത്.ഇന്ന് രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.